×

പച്ചാളം – വടുതല റോഡിലെ പൈപ്പ് ഇടൽ: കെ.ഡബ്ല്യു.എയുടെ മെല്ലെപ്പോക്കിനെതിരെ ജനരോഷം

പച്ചാളം – വടുതല റോഡിലെ പൈപ്പ് ഇടൽ: കെ.ഡബ്ല്യു.എയുടെ മെല്ലെപ്പോക്കിനെതിരെ ജനരോഷം


കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ പച്ചാളം – വടുതല റോഡിൽ (കാട്ടുങ്ങൽ മുതൽ വടുതല ഗേറ്റ് വരെ) കേരള വാട്ടർ അതോറിറ്റി നടത്തുന്ന പൈപ്പ് ഇടൽ ജോലികൾ അനന്തമായി നീളുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. കഴിഞ്ഞ മൂന്നാഴ്ചയായി ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും പണി പൂർത്തിയാകാത്തതിനെ തുടർന്ന് എ.എ.പി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകി.

നിലവിൽ റോഡ് ഭാഗികമായി തുറന്നുകൊടുത്തെങ്കിലും, ശാസ്ത്രീയമായ രീതിയിൽ ടാറിംഗ് നടത്താത്തത് പ്രദേശം കടുത്ത പൊടിശല്യത്തിലാക്കിയിരിക്കുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പ്രധാന ആവശ്യങ്ങൾ:

  • 24 x 7 ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി: പൊതുജനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രവൃത്തിയായതിനാൽ, കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി വേഗത്തിൽ പൂർത്തിയാക്കണം.
  • വിവരങ്ങൾ സുതാര്യമാക്കുക: പദ്ധതിയുടെ തുടക്കം, പൂർത്തിയാകേണ്ട തീയതി, കരാറുകാരന്റെ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡ് ഉടൻ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
  • റോഡ് പുനർനിർമ്മാണം: പൈപ്പ് ലൈൻ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ തീരുന്ന മുറയ്ക്ക് റോഡ് ഉടൻ പുനർനിർമ്മിക്കാൻ (Re-laying) കെ.ഡബ്ല്യു.എ, പി.ഡബ്ല്യു.ഡി, കൊച്ചി കോർപ്പറേഷൻ അധികൃതർ നടപടി സ്വീകരിക്കണം.

“ജനങ്ങളെ മാസങ്ങളോളം ദുരിതത്തിലാഴ്ത്തുന്ന ഈ മെല്ലെപ്പോക്ക് അംഗീകരിക്കാനാവില്ല. വാട്ടർ അതോറിറ്റിയും കരാറുകാരും കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം,” എന്ന് പരാതി സമർപ്പിച്ചുകൊണ്ട് സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ സ്ഥലം എം.എൽ.എയും കൗൺസിലറും അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി അറിയിച്ചു.


വീഡിയോ ലിങ്ക്: https://youtube.com/shorts/83Lxgw2KZqg?feature=share

You May Have Missed