പെരിയാർ മത്സ്യക്കുരുതി: ദുരന്തബാധിതർക്ക് അടിയന്തിര സാമ്പത്തിക നഷ്ടപരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുക; അവഗണനയ്ക്കെതിരെ ആം ആദ്മി പാർട്ടി ഔദ്യോഗികമായി പരാതി നൽകി
|
എറണാകുളം ജില്ലാ കമ്മിറ്റി | സുജിത് സി. സുകുമാരൻ, ജില്ലാ സെക്രട്ടറി
|
തീയതി: 22 മേയ് 2026 സ്ഥലം: കൊച്ചി (എറണാകുളം) |
കൊച്ചി: പെരിയാർ നദിയിലുണ്ടായ മാരകമായ രാസമാലിന്യ മലിനീകരണത്തെത്തുടർന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം നേരിട്ട പാവപ്പെട്ട കൂടുമത്സ്യ കർഷകർക്കും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തിര സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. ദുരന്തം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും ഇരകളായ കർഷകർക്ക് ഒരു രൂപ പോലും ആശ്വാസധനം നൽകാത്ത ഫിഷറീസ് വകുപ്പിന്റെ കടുത്ത അവഗണനയ്ക്കും നിഷ്ക്രിയത്വത്തിനുമെതിരെ ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഔദ്യോഗികമായി പരാതി ഫയൽ ചെയ്തു. പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ നൽകിയ ഈ പരാതിയിന്മേൽ ഫിഷറീസ് വകുപ്പ് വകുപ്പുതല അന്വേഷണം നടത്താൻ നിർബന്ധിതരായിരിക്കുകയാണ്.
ആം ആദ്മി പാർട്ടിയുടെ പരാതിയെ തുടർന്ന് (Docket No. G-2240500686), എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ലഭ്യമായ ഔദ്യോഗിക മറുപടി കത്തിൽ (ലറ്റർ നമ്പർ: DDFEKM/324/2024-C(1)) ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദുരന്തം നടന്ന് കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തി ഒരു മാസത്തിനകം തന്നെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി ഫിഷറീസ് ഡയറക്ടർക്കും ധനവകുപ്പിനും വിശദമായ ശുപാർശ റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്. എന്നാൽ ഫയലുകൾ ഭരണചക്രത്തിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. സർവതും നഷ്ടപ്പെട്ട് വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയാതെ കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും ഫിഷറീസ് വകുപ്പ് ഫയലുകൾ വെച്ചുതാമസിപ്പിക്കുന്നത് അത്യന്തം ക്രൂരവും പ്രതിഷേധാർഹവുമാണ്.
വിളവെടുപ്പിന് തൊട്ടുമുമ്പ് ദുരന്തത്തിനിരയായ വരാപ്പുഴ, കടമക്കുടി, ചേരാനല്ലൂർ, മൂലമ്പള്ളി (മുളവുകാട്), ഏഴിക്കര, ചിറ്റാറ്റുകര എന്നീ പഞ്ചായത്തുകളിലെ 210-ലധികം കൂട് മത്സ്യകൃഷികളാണ് പൂർണ്ണമായി നശിച്ചത്. ഇത് വഴി 15 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും, പുഴയെ ആശ്രയിച്ചു ജീവിക്കുന്ന 3,000-ത്തോളം ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവുമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. വായ്പയെടുത്ത് കൃഷിയിറക്കിയ സാധാരണക്കാരായ മനുഷ്യരെ ഇനിയും പട്ടിണിയിലേക്ക് തള്ളിയിടാതെ നഷ്ടപരിഹാര തുക വേഗത്തിൽ അവരുടെ അക്കൗണ്ടുകളിൽ എത്തിക്കണമെന്ന് ആം ആദ്മി പാർട്ടി ശക്തമായി ആവശ്യപ്പെടുന്നു.
ആം ആദ്മി പാർട്ടിയുടെ പരാതിയെത്തുടർന്ന് ലഭിച്ച ഔദ്യോഗിക പരിശോധനാ കണ്ടെത്തലുകൾ:
- പ്രാണവായുവിന്റെ അളവിലെ വൻ കുറവ്: ഫിഷറീസ് വകുപ്പും കുഫോസ് (KUFOS) സർവൈലൻസ് ടീമും നടത്തിയ പരിശോധനയിൽ ജലജീവികൾക്ക് ജീവിക്കാൻ ആവശ്യമായ കുറഞ്ഞ അളവായ 4 mg/L-ൽ നിന്നും പ്രാണവായുവിന്റെ (Dissolved Oxygen) അളവ് 1.14 mg/L എന്ന അതീവ ഗുരുതരമായ നിലയിലേക്ക് താഴ്ന്നതായി കണ്ടെത്തി.
- രാസമാലിന്യങ്ങളുടെ സാന്നിധ്യം: നദിയിലെ വെള്ളത്തിൽ മാരകമായ അളവിൽ അമോണിയ, സൾഫേറ്റ്, സിലിക്കേറ്റ് എന്നിവയുടെ സാന്നിധ്യവും അമിതമായ അമ്ലതയും (pH വ്യതിയാനം) ലബോറട്ടറി പരിശോധനകളിൽ സ്ഥിരീകരിച്ചു. വ്യവസായശാലകളിൽ നിന്ന് പുഴയിലേക്ക് വൻതോതിൽ രാസമാലിന്യങ്ങൾ തള്ളിയതാണ് ഈ കൂട്ടക്കൊലയ്ക്ക് കാരണമെന്ന് വ്യക്തം.
ഫിഷറീസ് വകുപ്പ് ഇതിനകം സമർപ്പിച്ച നാശനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പയെടുത്ത് പ്രതിസന്ധിയിലായ മുഴുവൻ കൂടുമത്സ്യ കർഷകരുടെയും വായ്പകൾ അടിയന്തിരമായി എഴുതിത്തള്ളുകയും അവർക്ക് അർഹമായ കോമ്പൻസേഷൻ തുക ഫിഷറീസ് വകുപ്പ് വഴി കാലതാമസമില്ലാതെ ഉടൻ വിതരണം ചെയ്യുകയും വേണം.
പെരിയാറിലേക്ക് മാരകമായ രാസമാലിന്യങ്ങൾ ഒഴുക്കിവിട്ട് വൻ പരിസ്ഥിതി നാശമുണ്ടാക്കിയ ഫാക്ടറി ഉടമകൾക്കെതിരെ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുകയും അവരിൽ നിന്നും നഷ്ടപരിഹാര തുക ഈടാക്കുകയും വേണം.
പെരിയാറിലെ പാതാളം ബണ്ട്, ഏലൂർ-എടയാർ ഭാഗങ്ങളിൽ SWAIN (Sustainable Watershed Management using AI) മാതൃകയിലോ അല്ലെങ്കിൽ പ്രെഡിക്റ്റീവ് അനലിറ്റിക്സ് സാങ്കേതികവിദ്യയിലോ അധിഷ്ഠിതമായ ‘AI-Driven Early Warning System’ ഫിഷറീസ്-പരിസ്ഥിതി വകുപ്പുകൾ സംയുക്തമായി സ്ഥാപിക്കണം. ജലത്തിലെ പ്രാണവായുവിന്റെ (DO) അളവ് കുറയുകയോ കെമിക്കൽ അളവ് കൂടുകയോ ചെയ്താൽ ദുരന്തത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഓട്ടോമാറ്റിക് മുന്നറിയിപ്പ് (Early Alerts) ലഭിക്കുന്ന സംവിധാനം അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്.


